
തൃശൂർ: ഇ20 പെട്രോളിൽ അനുവദനീയമായതിലും അധികം എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ റിപ്പോർട്ടിനിടെ കേന്ദ്ര നിലപാട് വിശദീകരിച്ച് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പെട്രോളിൽ എഥനോൾ കലർത്തുന്നതിന് ശാസ്ത്രീയ പിന്തുണയുണ്ടെന്നും ഘട്ടംഘട്ടമായി ഇതിന്റെ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്താനാണ് അനുമതിയുള്ളത്. ശാസ്ത്രീയമായി സാധ്യതകൾ വിലയിരുത്തിയ ശേഷമായിരിക്കും ഭാവിയിൽ അളവ് കൂട്ടുകയെന്നും സുരേഷ് ഗോപി പറഞ്ഞു. കർണാടകയ്ക്കും കേരളത്തിനും ഇക്കാര്യത്തിൽ പരിശോധന നടത്താമെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന അളവിൽ എഥനോൾ കണ്ടെത്തിയത്. 20 ശതമാനമാണ് നിലവിലെ പരിധിയെങ്കിലും ചില പമ്പുകളിൽനിന്നുള്ള സാമ്പിളുകളിൽ എഥനോളിന്റെ അളവ് 30 ശതമാനത്തിലധികമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട്.
എന്നാൽ സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധന നടത്തിയതിലും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഇതുസംബന്ധിച്ച വിശദമായ വിശദീകരണം തിങ്കളാഴ്ച നൽകുമെന്ന് കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് നേരത്തെ അറിയിച്ചിരുന്നു.
കർണാടകയിലെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇ20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ നടപടി തുടങ്ങി. സംസ്ഥാനത്ത് പരിശോധന നടത്താൻ മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.










